Tuesday, July 22, 2014

വൈശാഖപൌർണമി ഭാഗം ഒന്ന് (നീണ്ടകഥ)

സാബ്.

പ്രകാശിന്റെ വിളി കേട്ടാണു കണ്ണുകൾ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.

പോർച്ചിൽ നിന്ന് കുറച്ചകലെ, പാർക്കിംഗ് ലോട്ടിൽ ഒരൽ‌പ്പം തണലുള്ളിടത്ത് കാർ പാർക്കു ചെയ്ത ശേഷമാണ് പ്രകാശ് വിളിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ പല ദിവസങ്ങളായി പ്രകാശിനെത്തന്നെയാണ് ഹ്യാട്ട് റീജൻസി ഏർപ്പാടു ചെയ്തു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും പ്രകാശ് ഹോണ്ട സിറ്റി കാറുമായി ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല. പ്രകാശിന്റെ സേവനങ്ങൾക്കുള്ള ചാർജ്ജ് ഹ്യാട്ട് റീജൻസിയുടെ ബില്ലിൽ പെടുത്തി തന്നിൽ നിന്ന് ഈടാക്കുമെങ്കിലും, ഒരു കാറ് തന്റെ ആവശ്യത്തിനായി സദാസമയവും കാത്തുകിടക്കുന്നത് വലുതായ ആശ്വാസം തരുന്നു. മുംബൈയിലെ ചൂടിൽ എയർകണ്ടീഷൻഡ് കാറിലെ യാത്ര സുഖം തരുന്നുവെന്നതിനേക്കാൾ പ്രധാ‍നം പ്രകാശിന് മുംബൈയിലെ റോഡുകൾ ഹൃദിസ്ഥമാണെന്നതാണ്; സ്ഥലം പറഞ്ഞുകൊടുത്താൽ മാത്രം മതി, വണ്ടി അങ്ങോട്ടു തിരിഞ്ഞു കഴിയും.

അന്ധേരി ഈസ്റ്റിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ഹ്യാട്ട് റീജൻസിയിൽ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ഏകദേശം മുക്കാൽ മണിക്കൂറോളം എടുത്തിട്ടുമുണ്ടാവണം. സമയം പോയതറിഞ്ഞില്ല. മനസ്സ് ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയുടെ അടഞ്ഞ വാതിൽക്കൽ തപസ്സിരിയ്ക്കുകയായിരുന്നു. കണ്ണടച്ചിരുന്നു സങ്കൽ‌പ്പിയ്ക്കുകയായിരുന്നു. ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയുടെ വാതിലിൽ മുട്ടുന്നതും, അതു തനിയ്ക്കു വേണ്ടി മലർക്കെ തുറക്കുന്നതും സങ്കൽ‌പ്പത്തിൽ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇന്നെങ്കിലും വാതിൽ തുറക്കാതിരിയ്ക്കുമോ? അകത്തു കടന്നാൽ കാണുന്ന മുഖത്ത് മന്ദഹാസമുണ്ടാകുകയില്ലേ? മാസ്മരികതയുണ്ടെന്ന് കഴിഞ്ഞ രണ്ടുവർഷമായി തോന്നിക്കൊണ്ടിരുന്ന, കാണാൻ അക്ഷമയോടെ കാത്തിരിയ്ക്കുന്ന ആ നേരിയ മന്ദഹാസം.

പക്ഷേ ആ മാസ്മരികതയിൽ എത്രത്തോളം ഇപ്പോൾ ബാക്കിയുണ്ടെന്നതാണ് ഉള്ളം കിടുക്കുന്ന ചോദ്യം. രോഗിണിയുടെ ജീവൻ നിലനിൽക്കുന്ന കാര്യം തന്നെ സന്ദിഗ്ദ്ധാവസ്ഥയിലായിരിയ്ക്കേ, രോഗിണി മന്ദഹസിയ്ക്കുന്ന കാര്യത്തെപ്പറ്റി ആലോചിയ്ക്കുക പോലും ചെയ്യാറായിട്ടില്ല. എങ്കിലും ഓരോ ദിവസം കഴിയുന്തോറും ആശങ്ക ആശയ്ക്കു വഴിമാറിക്കൊടുത്തുകൊണ്ടിരിയ്ക്കുന്നു. ആദ്യ ദിവസങ്ങളിലെ ഗുരുതരാവസ്ഥയ്ക്കു കുറവു വന്നിട്ടുണ്ടെന്ന തോന്നൽ ബലപ്പെട്ടിരിയ്ക്കുന്നു. അവൾ മന്ദഹസിയ്ക്കുന്നതു കാണാൻ സാധിയ്ക്കും. ഇന്നല്ലെങ്കിൽ നാളെ. നാളെയല്ലെങ്കിൽ മറ്റെന്നാൾ.

ദിവസങ്ങളല്ല, വർഷങ്ങൾ കഴിഞ്ഞായാലും അതു കാണാൻ സാധിയ്ക്കണം. അതാണു ദൃഢനിശ്ചയം.

പതിനൊന്നു മണി മുതലാണ് ഹോസ്പിറ്റലിലെ സന്ദർശനസമയം. ആ സമയനിബന്ധനകൾ തനിയ്ക്കു ബാധകമല്ല. എപ്പോൾ വേണമെങ്കിലും വരാനും പോകാനും അനുവദിയ്ക്കുന്ന പാസ്സാണ് കൈയ്യിലുള്ളത്. വന്നുപോകാൻ മാത്രമല്ല, രോഗിണിയുടെ കൂടെ, രോഗിണിയുടെ മുറിയിൽത്തന്നെ താമസിയ്ക്കാനുള്ള അവകാശവും ആ പാസ്സു തരുന്നുണ്ട്. അതിനുള്ള സൌകര്യവും ലഭ്യമാണ്.

തൊക്കെ ശരി തന്നെ, പക്ഷേ, രോഗിണിയുടെ മുറിയ്ക്കകത്തു കടന്ന് രോഗിണിയെ കാണാനും രോഗിണിയോടു സംസാരിയ്ക്കാനും ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ ഒരിയ്ക്കൽ‌പ്പോലും അനുവദിയ്ക്കപ്പെട്ടിട്ടില്ല. രോഗിണിയെ സന്ദർശിയ്ക്കാനുള്ള അവകാശങ്ങൾ മരവിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദ ഡിസീസ് ഈസ് ഇൻഫെക്ഷ്യസ്! നോ വിസിറ്റേഴ്സ് ഫോർ നൌ. നോട്ട് ഈവൻ യൂ ഹു ഫുട്സ് ദ ബിൽ. രോഗം പകരുന്ന ഒന്നാണ്. തത്കാലത്തേയ്ക്ക് സന്ദർശകർ പാടില്ല. ബില്ലടയ്ക്കുന്ന നിങ്ങൾ പോലും! ഡോക്ടറുടെ കർക്കശനിർദ്ദേശം. രോഗിണിയെ പരിചരിയ്ക്കുന്ന നേഴ്സുമാർ മുറിയ്ക്കകത്തു കടന്നയുടനെ കൈയ്യുറകളും മാസ്കും അണിയുന്നു. പരിചരണത്തിനുശേഷം മുറിയ്ക്കു പുറത്തുകടക്കും മുൻപ് കൈയ്യുറകൾ കളഞ്ഞ് കൈകൾ സാനിറ്റൈസ് ചെയ്യുന്നു.

ഇന്നിപ്പോൾ ആഴ്ചയൊന്നായി. കഴിഞ്ഞ ദിവസങ്ങൾ എങ്ങനെ തള്ളിനീക്കിയെന്നറിയില്ല. രാവിലെയെത്തുന്നു. റൂം നമ്പർ നാനൂറ്റിനാൽ‌പ്പത്തിനാലിലേയ്ക്കു പോകാമോ എന്നു റിസപ്ഷനിൽ ചോദിയ്ക്കുന്നു. റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടറിൽ നാനൂറ്റിനാൽ‌പ്പത്തിനാലിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ തിരയുന്നു, സോറി സർ, വിസിറ്റേഴ്സ് സ്റ്റിൽ നോട്ട് അലൌഡ് ഇൻ ദാറ്റ് റൂം. ഇഫ് യു വാണ്ട്, യു കാൻ മീറ്റ് ഡോക്ടർ ഓം‌പ്രകാശ് അഗർവാല. നാനൂറ്റിനാൽ‌പ്പത്തിനാലിലേയ്ക്ക് സന്ദർശകർക്ക് ഇപ്പോഴും പ്രവേശനമനുവദിച്ചിട്ടില്ല. ഡോക്ടർ ഓം‌പ്രകാശ് അഗർവാലയെ കാണണമെന്നുണ്ടെങ്കിൽ കണ്ടോളൂ.

വളരെയധികം ക്ഷമയുള്ള ഡോക്ടർ. എപ്പോൾ വേണമെങ്കിലും വന്നു കണ്ടോളു. മൊബൈൽ ഫോൺ നമ്പറും തന്നു. എപ്പോൾ വേണമെങ്കിലും വിളിച്ചോളു. ആശങ്കകൾ മനസ്സിൽ വച്ചുപുലർത്തണ്ട. അപ്പപ്പോൾ ചോദ്യങ്ങൾ ചോദിച്ച് ആശങ്കകളകറ്റുക. ഡോക്ടറുടെ സ്നേഹപൂർവ്വമായ നിർദ്ദേശം. ആശങ്ക മൂലം തുടക്കത്തിലെ ദിനങ്ങളിൽ ഒന്നിലേറെത്തവണ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുമായി സംസാരിയ്ക്കുമ്പോഴൊക്കെ ദൈവദൂതൻ എന്ന പദം മനസ്സിലോടിയെത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പകലുകൾ മിയ്ക്കതും റിസപ്ഷനുമുന്നിലെ ഇരിപ്പിടങ്ങളിൽ ചെലവഴിച്ചു. ഇന്നെങ്കിലും ഒന്നകത്തു കടക്കാൻ സാധിയ്ക്കണേ എന്നു പ്രാർത്ഥിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആരോടു പ്രാർത്ഥിയ്ക്കാൻ ! ഈശ്വരന്മാരോടൊന്നും ഇത്രയും കാലത്തിനിടയിൽ പ്രാർത്ഥിച്ചിട്ടില്ല. ഈശ്വരന്മാരാരും മനസ്സിൽ ഓടിയെത്താറുമില്ല.

ഒരു പക്ഷേ, ഈശ്വരഭക്തിയുടെ അഭാവമായിരിയ്ക്കുമോ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്കു കാരണം? അസ്വസ്ഥമായ മനസ്സോടെ, അൽ‌പ്പം ആശ്വാസത്തിന്നായി, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ചെയ്ത, ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്ന പ്രവൃത്തികളെപ്പറ്റി രണ്ടു ദിവസം മുൻപ് ഫോണിലൂടെ നേരിയൊരു സൂചന നൽകിയപ്പോൾ ചെറിയമ്മ കേരളത്തിൽ നിന്നു പറഞ്ഞ വാക്കുകൾ: “മോനേ, നിന്നെ നോക്കിക്കൊള്ളണേന്നു ചേച്ചി പോണേനു മുമ്പേ എന്നോടു പറഞ്ഞിരുന്നു, നോക്കിക്കോളാമെന്നു ഞാനും ഏറ്റിരുന്നു. നീയീ കാട്ടിക്കൂട്ടീരിയ്ക്കണതൊക്കെ ഞാനെങ്ങനെ ചേച്ച്യോടു പറയും? മോളിലോട്ടു പോകാൻ നീ കാരണം പേട്യായിരിയ്ക്കണു. നിനക്കു സൽബുദ്ധി നൽകണേന്നു ഞാൻ പ്രാർത്ഥിയ്ക്കാം. അല്ലാണ്ടെന്താ ഞാനീ വയസ്സുകാലത്തു ചെയ്ക?”

തന്റെ എല്ലാമെല്ലാമാക്കാൻ താനുദ്ദേശിയ്ക്കുന്ന വനിത ഗുരുതരാവസ്ഥയിൽ ആശുപത്രിമുറിയ്ക്കകത്ത് മരണത്തോടു മല്ലടിച്ചുകിടക്കുന്നു. അവളെ കാണാനാകുന്നില്ല. അവൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയില്ല. അങ്ങോട്ടുമാകാം, ഇങ്ങോട്ടുമാകാം. മുറിയ്ക്കു പുറത്ത് താനിരുന്നുരുകുന്നു. ഈ വിഷമമറിയിയ്ക്കാൻ തനിയ്ക്കീ ലോകത്ത് ആരുമില്ലെന്ന സത്യം ബ്രീച്ച് കാന്റിയിലെ റിസപ്ഷനുമുന്നിലെ ബെഞ്ചിലിരിയ്ക്കുമ്പോഴാണ് മുന്നിൽ തെളിഞ്ഞത്. ആകെക്കൂടിയുള്ളത് ഒരു ചെറിയമ്മയാണ്. ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഈശ്വരന്മാരോടു സംവദിയ്ക്കുന്നതിനു പകരം ജീവിച്ചിരിയ്ക്കുന്ന മനുഷ്യരോടു സംസാരിയ്ക്കുന്നതാണു നന്നെന്ന തിരിച്ചറിവാണ് ചെറിയമ്മയ്ക്കു ഫോൺ ചെയ്യിപ്പിച്ചത്, ചെറിയമ്മയോടു കാര്യങ്ങൾ സൂചിപ്പിച്ചത്.

ബന്ധുക്കൾ പലരുമുണ്ടെങ്കിലും, ചെറിയമ്മയ്ക്കു മാത്രമേ അൽ‌പ്പമെങ്കിലും സ്നേഹമുള്ളു എന്നു തോന്നാറുണ്ട്. ഫോൺ വിളിയോടെ ആ സ്നേഹവും ഇല്ലാതായിട്ടുണ്ടാകണം. സ്വർഗ്ഗത്തിലിരിയ്ക്കുന്ന അമ്മയുടെ മുഖത്തു മാത്രമല്ല, നാട്ടുകാരുടെ മുഖത്തും നോക്കാൻ ചെറിയമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണല്ലോ ഇപ്പോൾ ചെയ്തു വച്ചിരിയ്ക്കുന്നത്. ജീവിതത്തിൽ ഉയർന്നുയർന്നു പോകും എന്ന പ്രതീക്ഷയാണ് ചെറിയമ്മയ്ക്ക് തന്നെപ്പറ്റിയുണ്ടായിരുന്നത്. എന്നാൽ ഫോണിലൂടെ നടന്ന സംഭാഷണത്തിൽ നിന്ന് തനിയ്ക്ക് ഉയർച്ചയ്ക്കുപകരം അധഃപതനമാണു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന സൂചനയാണു ചെറിയമ്മയ്ക്കു കിട്ടിപ്പോയിരിയ്ക്കുന്നത്. ചെറിയമ്മയെ കുറ്റപ്പെടുത്താനാവില്ല.

എഴുന്നൂറു കോടി ജനം ഈ ലോകത്തുണ്ടായിട്ടും, ‘രോഗിണി തീർച്ചയായും രക്ഷപ്പെടുംന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിയ്ക്കാനായി, തനിയ്ക്കു ധൈര്യം നൽകാനായി ഈ ലോകത്ത് ഫലത്തിൽ ആരുമില്ലാതായിരിയ്ക്കുന്നു! എഴുനൂറു കോടി ജനത്തിനും തന്നെ ആവശ്യമില്ല. താനവർക്ക് ആരുമല്ല. ഇതുവരെയുള്ള ജീവിതം കൊണ്ട് ഒരു നുള്ളു സ്നേഹം പോലും നേടാനായില്ല.

പക്ഷേ, സാരമില്ല. നാനൂറ്റിനാൽ‌പ്പത്തിനാലിലെ അന്തേവാസിനിയുടെ സ്നേഹം കിട്ടിയാൽ മതി. അവളുടെ സ്നേഹം കിട്ടിയാൽ സ്വർഗ്ഗം കിട്ടി. അതു കിട്ടുന്നില്ലെങ്കിൽ ഭൂമിയും വേണ്ട, സ്വർഗ്ഗവും വേണ്ട.

അവൾ ജീവിച്ചുകിട്ടാൻ ഈശ്വരാനുഗ്രഹത്തേക്കാളും മറ്റുള്ളവരുടെ ആശ്വാസവചനങ്ങളേക്കാളും പ്രധാനമാണ് അവളുടെ തന്നെ തീരുമാനം. ജീവിയ്ക്കാനാഗ്രഹമില്ല എന്നു രോഗിണി തന്നെ ദൃഢനിശ്ചയമെടുത്തുപോയിട്ടുണ്ടെങ്കിൽ ഈശ്വരൻ വിചാരിച്ചാലും രക്ഷിയ്ക്കാനാകില്ല. രോഗിണിയെ സ്നേഹിയ്ക്കുന്നതായി ഒരാൾ പോലും ഈ ലോകത്തില്ലെന്ന് അവൾ വിശ്വസിച്ചുപോയിട്ടുണ്ടെങ്കിൽ, തുടർന്നു ജീവിയ്ക്കാൻ എന്തു പ്രചോദനമാണുണ്ടാകുക! ജീവിച്ചിരിയ്ക്കുന്ന ഓരോ ദിവസവും മുൾക്കിരീടം ധരിച്ച് കുരിശിൽ കിടന്നു പിടഞ്ഞുകൊണ്ടിരിയ്ക്കുന്നു എന്നു കരുതുന്നവർക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവല്ല, ജീവിതത്തിൽ നിന്നുള്ള വിടയാണ് രക്ഷപ്പെടൽ.

രോഗിണിയ്ക്കൊരു പുതിയൊരു ജീവൻ നൽകി ഉയിർത്തെഴുന്നേൽ‌പ്പിച്ച് ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാൻ ഒരാളിവിടെ തപസ്സു ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് അവളെ അറിയിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ!

അതിനിന്നേവരെ കഴിഞ്ഞുമില്ല. ജീവിതത്തിലേയ്ക്കു മടങ്ങിവരൂ, നിനക്കുവേണ്ടി ഞാനുണ്ടിവിടെ എന്നു പറയാൻ അവസരം കിട്ടിയിട്ടില്ല. നിന്നോടു ജനം ചെയ്ത നിഷ്ഠൂരതകൾക്കെല്ലാം പ്രായശ്ചിത്തം ഞാൻ ചെയ്യാം എന്നു പറയാനുള്ള വെമ്പലിനു താൻ നിരുപാധികം കീഴ്പ്പെട്ടിരിയ്ക്കുന്നു. എന്നിട്ടും അക്കാര്യം അവളെ അറിയിയ്ക്ക്നായില്ല.

രണ്ടു വർഷത്തിനു മുൻപു തന്നെ അതവളെ അറിയിയ്ക്കേണ്ടതായിരുന്നു. അന്നത് അറിയിയ്ക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. എന്നിട്ടും അന്നത് അറിയിച്ചില്ല. അന്നു സംശയമായിരുന്നു. തന്നെപ്പറ്റിത്തന്നെയുള്ള സംശയം. സ്വന്തം ആഗ്രഹത്തെപ്പറ്റി സംശയം. സ്വന്തം ആഗ്രഹം കപടമോ ആത്മാർത്ഥമോ എന്ന സംശയം. അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം അനശ്വരമോ അതോ ക്ഷണികം മാത്രമോ? സ്വയം സംശയിച്ചു. ഡൌട്ടിംഗ് തോമസായി. ആഗ്രഹം ആത്മാർത്ഥമാണ് എന്നു തിരിച്ചറിയാൻ രണ്ടു വർഷമെടുത്തു. രണ്ടു വർഷം കഴിഞ്ഞിട്ടും അവളുടെ രൂപം മറവിയുടെ മൂടൽമഞ്ഞിൽ അലിഞ്ഞില്ല. അവളോടുള്ള അഭിനിവേശം അടക്കാനാകില്ലെന്നു ബോദ്ധ്യമായി ഓടിയെത്തിയപ്പോഴേയ്ക്കും രണ്ടു വർഷം കഴിഞ്ഞുപോയിരുന്നു.

അപ്പോഴേയ്ക്ക് സമയം വൈകി. അവൾ രോഗിണിയായി, ബോധമറ്റ് കോണിച്ചുവട്ടിലായി.

ബ്രീച്ച് കാന്റിയിലെ റിസപ്ഷനിലെ തിരക്കൊഴിയാൻ ഏതാനും മിനിറ്റ് കാത്തുനിന്നു. റിസപ്ഷനിസ്റ്റ് പരിചയഭാവത്തിൽ പുഞ്ചിരിച്ചു. ഒരാഴ്ചകൊണ്ട് ഇവിടെ ചിലർക്കെങ്കിലും പരിചിതനായിത്തീർന്നിട്ടുണ്ട്. റൂം നമ്പർ ട്രിപ്പിൾ ഫോർ. മേ ഐ ഗോ അപ്?” നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലേയ്ക്കു കയറിപ്പൊയ്ക്കോട്ടേ എന്നു ചോദിയ്ക്കുമ്പോൾ ഹൃദയം മിടിച്ചു. എന്തായിരിയ്ക്കും ഉത്തരം? വീണ്ടും സോറി സർ എന്നായിരിയ്ക്കുമോ?

വൺ മോമെന്റ്, സർ.റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടറിൽ ചെക്കു ചെയ്തു. റിസപ്ഷനിസ്റ്റിന്റെ മുഖം പ്രസന്നമായി. മുകളിലേയ്ക്കു വിളിച്ചു ചോദിച്ചു. യെസ്, സർ. യൂ മേ ഗോ അപ്.ആശ്വാസം. ഉത്തരം മുകളിലേയ്ക്കു ചെന്നോളൂ എന്നാണ്. ഇന്നലെ വരെ സോറി സർഎന്ന ഉത്തരമായിരുന്നു, പതിവ്.

താങ്ക് യൂ വെരി മച്ച്.നന്ദി ഹൃദയത്തിൽ നിന്നു തന്നെ വന്നതായിരുന്നു. വിൽ ഐ ബി ഏബിൾ ടു മീറ്റ് ദ പേഷ്യന്റ്?” വാസ്തവത്തിൽ ഇത് റിസപ്ഷനിൽ ചോദിയ്ക്കേണ്ട ചോദ്യമല്ല. രോഗിണിയെ കാണാനുള്ള ആകാംക്ഷകൊണ്ടു ചോദിച്ചു പോയതാണ്. മുകളിലേയ്ക്കു ചെന്നാൽത്തന്നെയും രോഗിണിയെ കാണാൻ കഴിഞ്ഞോളണമെന്നില്ല.

ലുക്സ് പോസിറ്റീവ്. ബട്ട് ദ നഴ്സസ് ദെയർ വിൽ ഗൈഡ് യൂ.സാദ്ധ്യതകാണുന്നുണ്ട്. പക്ഷേ, മുകളിലെ നഴ്സുമാർ നിർദ്ദേശം തരുമെന്ന്. വഴി പൂർണ്ണമായും ക്ലിയറായിട്ടില്ല എന്നാണു സൂചന. നാനൂറ്റിനാല്പത്തിനാലിന്റെ വാതിൽ തുറക്കുകയോ തുറക്കാതിരിയ്ക്കുകയോ ആവാം.

എന്തു നിർദ്ദേശമായിരിയ്ക്കും, നഴ്സുമാർ തരിക? രോഗിണിയുടെ മുറിയിലേയ്ക്കല്ലാതെ എവിടേയ്ക്കായിരിയ്ക്കും നഴ്സുമാർ നയിയ്ക്കുക? ആശ ഉണർന്നെഴുന്നേറ്റു. അധികം താമസിയാതെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയ്ക്കകത്തു കടക്കാൻ പറ്റും, തീർച്ച. അത് ഇന്നോ, നാളെയോ, മറ്റെന്നാളോ എന്നേ അറിയേണ്ടതായുള്ളു. അകത്തു കടക്കണം, പറയാൻ വർഷങ്ങൾ വൈകിയ കാര്യം അറിയിയ്ക്കണം: നീയാണെന്റെ സർവ്വസ്വവും.

ലിഫ്റ്റിനുള്ളിൽ വച്ച് ഹൃദയമിടിപ്പ് മറ്റുള്ളവരും കൂടി കേൾക്കുന്നുണ്ടാകുമോ എന്നു ഭയപ്പെട്ടു. ലിഫ്റ്റിൽ നിന്നു പുറത്തുകടന്ന്, നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ മുന്നിലൂടെ നഴ്സസ് കൌണ്ടറിലേയ്ക്കു നടന്നു. നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. കാറ്റേ നീ വീശരുതിപ്പോൾ, കാറേ മഴ പെയ്യരുതിപ്പോൾ, ആരോമൽത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ. അടഞ്ഞുകിടക്കുന്ന വാതിലിൽ നോക്കി ത്മാർത്ഥനിവേദനമായി ചൊല്ലി. ചുവടുകൾക്കു വേഗത തനിയേ കൂടി.

സർ, ആപ് സരാ ഡോക്ടർ സെ മിലേംഗേ?” നഴ്സിന്റെ നിർദ്ദേശം. ഡോക്ടറെ ഒന്നു കാണുക. കേട്ടു തീർന്നില്ല, ഡോക്ടറുടെ മുറിയിലേയ്ക്കു കാലുകൾ തനിയേ നീങ്ങാൻ തുടങ്ങിയിരുന്നു. ധൃതിയിൽ നടന്നു.

ഡോക്ടർ അഗർവാലയുടെ മുറി സുപരിചിതമായിരിയ്ക്കുന്നു. ഭാഗ്യത്തിന് ഡോക്ടറെക്കാണാൻ പുറത്ത് അധികസമയം കാത്തിരിയ്ക്കേണ്ടി വന്നില്ല. കണ്ടയുടനെ ഡോക്ടർ പറഞ്ഞു, “ഗ്ലാഡ് ന്യൂസ് ഫോർ യൂ, സദാനന്ദ്. വിശാഖം ഈസ് മച്ച് ബെറ്റർ നൌ. ഫീവർ ഹാസ് ഗോൺ. സ്റ്റാർട്ടഡ് ടേയ്ക്കിംഗ് ലിക്വിഡ് ഫൂഡ്. ദ നേയ്സോഗാസ്ട്രിക് ട്യൂബ് ഹാസ് ബീൻ റിമൂവ്ഡ്.അവൾക്കിപ്പോൾ വളരെ ഭേദമുണ്ട്. പനി മാറിയിരിയ്ക്കുന്നു. ദ്രാവകരൂപത്തിലുള്ള ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ട്യൂബിലൂടെയുള്ള ആഹാരം കഴിപ്പിയ്ക്കൽ നിർത്തിയിരിയ്ക്കുന്നു!

ഉള്ളിൽ ആശ്വാസത്തിന്റെ മഞ്ഞുമഴ പെയ്തു. ദ്രാവകരൂപത്തിലുള്ളതാണെങ്കിലും സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു! പതുക്കെപ്പതുക്കെയാണെങ്കിലും, ഈശ്വരഭക്തിയുടേയും ആശ്വാസവചനങ്ങളുടേയും അഭാവത്തിലും സദ്‌വാർത്തകൾ വരാൻ തുടങ്ങിയിരിയ്ക്കുന്നു. പറന്നകലാൻ തുടങ്ങിയിരുന്ന ജീവൻ തിരികെ ഭൂമിയിലേയ്ക്കു തന്നെ മടങ്ങി വന്നിരിയ്ക്കുന്നു. ഭഗീരഥപ്രയത്നങ്ങൾക്കു ഫലമുണ്ടായിക്കൊണ്ടിരിയ്ക്കുന്നു, ഗംഗ ഭൂമിയിലേയ്ക്കിറങ്ങി വരാൻ തുടങ്ങിയിരിയ്ക്കുന്നു.

കണ്ണുകൾ നിറഞ്ഞു. ഷി വിൽ ലിവ്, വോണ്ട് ഷി?” വിശാഖത്തിനു വളരെ ഭേദമുണ്ട് എന്നു ഡോക്ടർ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അവൾ ജീവിയ്ക്കും, ഇല്ലേ ഡോക്ടർഎന്ന ചോദ്യത്തിനു പ്രസക്തി കുറഞ്ഞിരിയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പതിവനുസരിച്ചു ചോദിച്ചു പോയതാണ്. വിശാഖം സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു. ആ സന്ദിഗ്ദ്ധാവസ്ഥയ്ക്ക് ഇന്നാണ് പ്രസ്താവ്യമായ മാറ്റം വന്നിരിയ്ക്കുന്നത്. ഗുരുതരാവസ്ഥ എന്തെങ്കിലുമുണ്ടെങ്കിൽ അതപ്പോൾത്തന്നെ അറിയാനാഗ്രഹമുണ്ട്, എന്നാണ് ചോദ്യംകൊണ്ട് അർത്ഥമാക്കിയത്. വിദഗ്ദ്ധചികിത്സ വേണ്ടിവന്നാൽ, അത് അമേരിക്കയിൽ ലഭ്യമാകുമെങ്കിൽ അമേരിക്കയിലേയ്ക്കു പോലും കൊണ്ടുപോകാ തയ്യാർ. ചിലവൊരു പ്രശ്നമല്ല.

ഷി വിൽ ലിവ്.മുൻപൊരിയ്ക്കലുമില്ലാതിരുന്ന ഉറപ്പ് ഡോക്ടറുടെ ശബ്ദത്തിലുണ്ടായിരുന്നു.

ഏതാനും ദിവസം മുൻപ് ഒരുച്ചസമയത്ത്, കുപ്രസിദ്ധമായ കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ അഞ്ചാമതു ലെയിൻ എന്ന ബോർഡിനടുത്തുള്ള, കമ്പിവലയടിച്ച ഒന്നാം നിലയുള്ള ഒരു പഴയ കെട്ടിടത്തിനുള്ളിലെ ഇരുളടഞ്ഞൊരു കോണിച്ചുവട്ടിൽ, ഒരു പഴന്തുണിക്കൂട്ടം പോലെ ചുരുണ്ടുകൂടിക്കിടന്നിരുന്ന എല്ലിൻ‌കൂടിന് ജീവനുണ്ടോ എന്നു പോലും സംശയിച്ച കാര്യം ഓർത്തുപോയി. വിശാഖത്തിനോടു സഹതാപമുള്ള ഏതോ ഒരു സ്ത്രീ കാണിച്ചുതന്ന മെഴുകുതിരിവെളിച്ചത്തിൽ, കണ്ണുനീരിന്റെ മൂടലിലൂടെ ഏറെ നേരം സൂക്ഷ്മമായി നോക്കിയ ശേഷമായിരുന്നു, ജീവനുണ്ട് എന്നു തീർച്ചപ്പെടുത്തിയത്.

രൂപത്തിന്റെ ഭീകരത കണ്ടു സഹിയ്ക്കാനായില്ല. ഇടനെഞ്ഞു പൊട്ടി. ബോധമറ്റു കിടന്നിരുന്ന ആ രൂപത്തെ ഇരുകൈകളിലുമെടുത്ത്, നെഞ്ചോടു ചേർത്തുപിടിച്ച് ഇടുങ്ങിയ ഇടനാഴിയിലൂടെ, രോഗിണിയുടെ ശിരസ്സും കാലുകളും വശങ്ങളിൽ ഉരയാനിടവരുത്താതെ, ശ്രദ്ധയോടെ നടക്കുമ്പോൾ ആരോ ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു, ‘ബേക്കാർ കാം ക്യോം കർത്തേ ഹോ? വോ തോ മർ ജായഗി.എന്തിനീ പാഴ്വേലയ്ക്കു മുതിരുന്നു. അവളെന്താ‍യാലും മരിച്ചുപോകും എന്ന വിധിപ്രസ്താവം ചെവിയിൽ വന്നലച്ചപ്പോൾ നടപ്പിനു ധൃതികൂടി. കണ്ണുനീരിന്റെ മലവെള്ളപ്പാച്ചിലിന്നിടയിൽ വിധിയെ തിരുത്തിയ്ക്കണം എന്ന നിശ്ചയം കൂടുതൽ ദൃഢമായി. ഭഗീരഥപ്രയത്നം തന്നെ നടത്തണം. അതെത്ര കഠിനമായാലും വേണ്ടില്ല.

ഇന്നിപ്പോൾ ആ വിധി തിരുത്തപ്പെട്ടിരിയ്ക്കുന്നു. ഡോക്ടർ വിധിച്ചിരിയ്ക്കുന്നു, “ഷി വിൽ ലിവ്.

ഷി വിൽ ലിവ് ഡെഫിനിറ്റ്ലി.ഡോക്ടർ ആവർത്തിച്ചു. എങ്കിലും, ഗൌരവം ആ ശബ്ദത്തിൽ മുറ്റി നിന്നിരുന്നു. ഫുൾ റിക്കവറി ഈസ് സ്റ്റിൽ ഫാർ എവേ. യു നോ, ഷി വിൽ നീഡ് മന്ത്സ് ഫോർ ഗെറ്റിംഗ്ബാക്ക് ടു നോർമൽ ലൈഫ്. പെഹാപ്സ് ഇയേഴ്സ്, ഈവൻ. ഇറ്റ് വിൽ ഓൾ ഡിപ്പൻഡ് ഓൺ ദ കെയർ ഷി ഗെറ്റ്സ് ആന്റ് ഹെറോൺ വിൽ.അവൾ ജീവിയ്ക്കും, സംശയമില്ല. പക്ഷേ പൂർണ്ണമായി സുഖപ്പെടാൻ മാസങ്ങൾ വേണ്ടി വരും. ഒരു പക്ഷേ വർഷങ്ങളും വേണ്ടി വന്നേയ്ക്കാം. എല്ലാം അവൾക്കു കിട്ടുന്ന പരിചരണത്തേയും അവളുടെ തന്നെ ആഗ്രഹത്തേയും ആശ്രയിച്ചിരിയ്ക്കും.

സാരമില്ല. മാസങ്ങളോ വർഷങ്ങൾ തന്നെയുമോ എടുത്തോട്ടെ. ധൃതിയില്ല. പക്ഷേ, അവൾ ജീവിയ്ക്കണം. അവളൊന്നു ജീവിച്ചുകിട്ടിയാൽ മതി. അവൾക്കായി ഭൂമിയിലൊരു സ്വർഗ്ഗമുണ്ടാക്കി അതിലിരുത്താം.

ചികിത്സയ്ക്കും പരിചരണത്തിനും ബുദ്ധിമുട്ടില്ല. മുംബൈയിലെ കുപ്രസിദ്ധമായ കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടിൽ ആരും തിരിഞ്ഞുപോലും നോക്കാനില്ലാത്ത, അത്യാസന്നമായ അവസ്ഥയിലല്ല, അവളിപ്പോൾ. സുപ്രസിദ്ധമായ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ എയർകണ്ടീഷൻ ചെയ്ത നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലാണ് അവളിപ്പോഴുള്ളത്. ഇരുപത്തിനാലുമണിക്കൂറും അവളെ നിരീക്ഷിയ്ക്കാനായി ഒരു നഴ്സ് കണ്ണിലെണ്ണയുമൊഴിച്ച്, സമീപത്തു തന്നെ ഇരിയ്ക്കുന്നു. ഒരു വിളിപ്പാടകലെ ഡോക്ടർമാർ. അവർ ദിവസവും പല തവണ അവളെ പരിശോധിയ്ക്കുന്നു. പുറത്ത്, റിസപ്ഷനു മുന്നിൽ, വേണ്ടിവന്നാൽ അവളെ അമേരിക്കയിൽ വരെ കൊണ്ടുപോയി ചികിത്സിപ്പിയ്ക്കാൻ തയ്യാറായിക്കൊണ്ട് താനുമിരിയ്ക്കുന്നു.

മരുന്നുകൾക്കു ഫലം കണ്ടു തുടങ്ങിയിരിയ്ക്കുന്നു. പനി മാറിയിരിയ്ക്കുന്നു. ട്യൂബു വഴി ആഹാരം കൊടുത്തുകൊണ്ടിരുന്നതിനാലായിരിയ്ക്കണം ക്ഷീണം കുറഞ്ഞത്. നാവിലും വായിലും തൊണ്ടയിലുമുള്ള പോളങ്ങൾ പൂർണ്ണമായും പൊറുത്ത്, സാധാരണ രീതിയിൽ ഭക്ഷണം കഴിയ്ക്കാൻ കൂടുതൽ സമയമെടുത്തേയ്ക്കാം. ദ്രാവകരൂപത്തിലുള്ള ഭക്ഷണമെങ്കിലും സ്വയം കഴിയ്ക്കാൻ തുടങ്ങിയത് ശുഭസൂചകമാണ്. ഷിയീസ് ഓൺ ദ റിക്കവറി പാത്ത്. നോ ഡൌട്ട് എബൌട്ടിറ്റ്. അവൾ അതിവേഗം സുഖപ്പെട്ടുകൊണ്ടിരിയ്ക്കുന്നു, അക്കാര്യത്തിൽ സംശയം വേണ്ട, ഡോക്ടർ വിശദീകരിച്ചു.

മേ ഐ സീ ഹെർ?” നെഞ്ചിടിപ്പോടെയാണ് ചോദിച്ചത്. ഈ ചോദ്യം മുൻ ‌ദിവസങ്ങളിൽ ചോദിച്ചപ്പോഴൊക്കെ, പാടില്ല എന്ന ഉത്തരമായിരുന്നു കിട്ടിയത്. അതേ ഉത്തരം തന്നെ ഇന്നും കിട്ടിയേയ്ക്കുമോ എന്ന ഭയത്തിന് ഇന്നൽ‌പ്പം കുറവു വന്നിരിയ്ക്കുന്നു. സ്ഥിതിയിൽ ഗണ്യമായ പുരോഗതിയുണ്ടായിരിയ്ക്കുന്ന നിലയ്ക്ക് രോഗിണിയെ കാണുന്നതിലെന്താണിനി കുഴപ്പം? സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയ നിലയ്ക്ക് അവൾക്കിപ്പോൾ പൂർണ്ണബോധം തിരിച്ചു കിട്ടിയിട്ടുണ്ടാകണം. അവൾക്കിപ്പോൾ അൽ‌പ്പമെങ്കിലും സംസാരിയ്ക്കാനും കഴിയുമായിരിയ്ക്കും.

അതോർത്തപ്പോൾ നെഞ്ചിടിപ്പു കൂടി.

വി ആർ നോമോർ വറീഡ് എബൌട്ട് ഹെർ.ഡോക്ടർ ഗൌരവത്തിൽ തുടർന്നു. ദ പ്രോബ്ലം ഈസ്, ഷി കണ്ടിന്യൂസ് ടു ബി ഇൻഫെക്ഷ്യസ്. ഷി വിൽ ബി സോ ഫോർ സം മോർ ടൈം. മീൻ‌വൈൽ, സദാനന്ദ്, വീ ഡോണ്ട് വാണ്ട് യൂ ടു ബി ദ നെക്സ്റ്റ് പേഷ്യന്റ്.രോഗിണിയെപ്പറ്റി ഭയാശങ്കകളില്ല. പക്ഷേ, ഇപ്പോഴും അവളിൽ നിന്ന് രോഗം പകരാവുന്നതാണ്. കുറച്ചുനാൾ കൂടി അവൾ ആ സ്ഥിതിയിൽ തുടരും. അതിന്നിടയിൽ അടുത്ത രോഗി നിങ്ങളാകരുതെന്നുണ്ട്, ഞങ്ങൾക്ക്. ഡോക്ടർ ഡോക്ടർമാരുടെ പരുഷസ്വരം പുറത്തെടുത്തു.

ഡോക്ടർ, ഐ വിൽ ബി കെയർഫുൾ. ബട്ട് ഐ വാണ്ട് ടു സീ ഹെർ. പ്ലീസ്.അതൊരു പ്രാർത്ഥനയായിരുന്നു. തീർച്ചയായും ശ്രദ്ധിച്ചോളാം. രോഗം വരാതെ നോക്കിക്കോളാം. പക്ഷേ എനിയ്ക്കവളെ കാണണം.

രണ്ടു കൊല്ലമായി അവളെ കാണാനുള്ള ആഗ്രഹം മൊട്ടിട്ടിട്ട്. ആ ആഗ്രഹം ഓരോ ദിവസം ചെല്ലുന്തോറും ഉൽക്കടമായിക്കൊണ്ടിരുന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരിവിലൂടെ താഴോട്ടുരുളുന്ന മഞ്ഞുരുള കൂടുതൽ മഞ്ഞിനെ വലിച്ചെടുത്ത് ഭീമാകാരമായിത്തീരുന്നതു പോലെ, അവളെക്കാണാനുള്ള ആഗ്രഹം പതുക്കെപ്പതുക്കെ ഭീമാകാരമായിത്തീർന്നുകൊണ്ടിരുന്നു. അവളോടൊന്നു പറയണം: വിശാഖം, നിനക്കു ഞാനുണ്ട്. ഇനി നമ്മളൊന്നാണ്.

യൂ മെ സീ ഹെർ.ഡോക്ടർ കർക്കശസ്വരത്തിൽ തുടർന്നു: ഓൺ വൺ കണ്ടീഷൻ. യൂ ഷുഡിന്റ് ടച്ച് ഹെർ.അവളെ കണ്ടോളൂ. പക്ഷേ ഒരു നിബന്ധന: അവളെ സ്പർശിയ്ക്കാൻ പാടില്ല.